
ചെന്നൈ : തമിഴ്‌നാട് രാഷ്ട്രീയത്തെ ഉലച്ച് എഐഎഡിഎംകെ വിമതപക്ഷത്ത് വീണ്ടും വൻ കൊഴിഞ്ഞുപോക്ക്. വിമത വിഭാഗത്തിൽ നിന്നുള്ള മൂന്ന് എംഎൽഎമാർ ഒന്നിച്ച് രാജിവെച്ച് തമിഴക വെട്രി കഴകം പാർട്ടിയിൽ ചേർന്നു. ഈറോഡ് ജില്ലയിലെ പെരുന്ധുരൈ എംഎൽഎ എസ് ജയകുമാർ, ചെങ്കൽപേട്ട് ജില്ലയിലെ മധുരാന്തകം എംഎൽഎ മരകതം കുമാരവേൽ, തിരുപ്പൂർ ജില്ലയിലെ ധാരാപുരം എംഎൽ എ പി സത്യഭാമ എന്നിവരാണ് അംഗത്വം രാജിവെച്ചത്.
രാജിവെച്ചതിന് പിന്നാലെ മൂവരും മന്ത്രിയും ടിവികെ നേതാവുമായ ആദവ് അർജുനയെ നേരിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ടിവികെയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. മൂന്ന് എംഎൽഎമാർ രാജിവെച്ചതോടെ തമിഴ്‌നാട് നിയമസഭയിൽ അണ്ണാഡിഎംകെയുടെ അംഗസംഖ്യ 44 ആയി കുറഞ്ഞു. എഐഎഡിഎംകെയ്ക്ക് ആകെ 47 എംഎൽഎമാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ വിമതപക്ഷ നേതാവായ എസ് പി വേലുമണിയോടൊപ്പം ഉറച്ചുനിന്നിരുന്ന മൂന്ന് പേരാണ് പാർട്ടി വിട്ടത്.