
തലശ്ശേരി : എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരി ഉൾപ്പെടെ കേസിലെ 17 പ്രതികളുടെ ജാമ്യമാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി റദ്ദാക്കിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.
2018 ഫെബ്രുവരി 12ന് രാത്രിയായിരുന്നു സംഭവം. എടയന്നൂരിലെ ഒരു ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമിസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ ഷുഹൈബിന്റെ സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മ്‌മയിൽ, മൊയീൻ എന്നിവർക്കും പരിക്കേറ്റിരുന്നു.
മൂന്ന് തവണ ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടി വീഴ്ത്തിയത്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെ ഈ കേസിൽ ഉണ്ടായിരിക്കുന്ന കോടതി നടപടി ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് സിപിഎം ക്വട്ടേഷൻ സംഘം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണിതെന്നാണ് പ്രൊസിക്യൂഷൻ കേസ്.