Banner Ads

കേരളത്തിലെ പരാജയം കനത്ത തിരിച്ചടി; കാരണങ്ങൾ പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി

ദില്ലി : കനത്ത തിരിച്ചടി നേരിട്ട പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുണ്ടായ പരാജയം അതീവ ഗൗരവമേറിയതാണെന്നും 1977 ന് ശേഷം രാജ്യത്ത് ഒരു സംസ്ഥാനത്തും ഇടത് സർക്കാരില്ലാത്ത സാഹചര്യം വന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്നും ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഉയർന്നുവന്ന തീവ്ര വലതുപക്ഷ സാന്നിധ്യം ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കനത്ത തോൽവിയുടെ കാരണങ്ങൾ പാർട്ടിയും മുന്നണിയും കൃത്യമായി പരിശോധിച്ചുവരികയാണ്. ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് പാർട്ടിയിൽ ഇപ്പോൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകൾ വിശദമായി ചർച്ച ചെയ്യുന്നതിനായി ജൂലൈ മാസത്തിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരും.

കേരളത്തിൽ ബിജെപിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ ബിജെപി പൂർണ്ണമായും തകർന്നു. എന്നാൽ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി മാറിയിരിക്കുകയാണ്. രാജ്യത്ത് നിലവിലുണ്ടായ ഈ രാഷ്ട്രീയ സാഹചര്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകളും കാരണമായിട്ടുണ്ടെന്ന് എംഎ ബേബി ആരോപിച്ചു.