Banner Ads

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചു; ഭിത്തിയിൽ കരി ഓയിൽ ഒഴിച്ചു, സമീപത്ത് രാഷ്ട്രീയ ഭീഷണിക്കത്ത്!

കൊല്ലം: ജില്ലയിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ആസൂത്രിത അക്രമം. അഞ്ചൽ സ്വദേശിയും പത്തനംതിട്ട ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്കാണ് അജ്ഞാത സംഘം അഗ്നിക്കിരയാക്കിയത്. ബൈക്ക് പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. അക്രമത്തിന് ശേഷം വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തിട്ടുണ്ട്.

കത്തിച്ച ബൈക്കിന് സമീപത്ത് നിന്ന് പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയിലുള്ള ഭീഷണിക്കത്തും കണ്ടെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അധികാരത്തിലേറിയ യുഡിഎഫ് അനുകൂലികളുടേതെന്ന പേരിലാണ് കത്ത്. ‘പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും’ എന്ന രീതിയിലുള്ള രാഷ്ട്രീയ ധ്വനികളാണ് കത്തിലുള്ളത്.”നീ സൂക്ഷിച്ചോ, നിന്റെ നാറിയ കഥകൾ ലോകം അറിയാൻ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാൻ കുറച്ചുനാളുകൾ മാത്രം. ഞങ്ങൾ ഭരണത്തിൽ വരില്ലെന്ന് നീ വിചാരിച്ചോ.

നീ കുറച്ച് നാൾ ലീവെടുത്തതുൾപ്പെടെ നിന്റെ അടൂർ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങൾ അറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങൾ മറക്കില്ല…” – എന്ന് കത്തിൽ വ്യക്തമാക്കുന്നു.മുൻപ് കോളേജിൽ നടന്ന ഏതെങ്കിലും സംഘർഷവുമായി ബന്ധപ്പെട്ട പ്രതികാരമാണോ അക്രമത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവമറിഞ്ഞ് പുനലൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ ഉടൻ തന്നെ കണ്ടെത്താനാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.