Banner Ads

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ സർക്കാർ തീരുമാനമല്ല, കോടതി ഉത്തരവ്; വിശദീകരണവുമായി മന്ത്രി കെ എ തുളസി

കൊച്ചി : മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കൽ സർക്കാരിന്റെ മനുഷ്യത്വരഹിതമായ നടപടിയാണെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ തള്ളി പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. ഇത് സർക്കാരിന്റെ സ്വന്തം തീരുമാനമല്ലെന്നും കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നിയമപരമായ നടപടി മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ സർക്കാരിനെ മനഃപൂർവ്വം പ്രതിക്കൂട്ടിലാക്കാൻ ചിലർ നടത്തുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ വിട്ടുനിൽക്കണം. യുഡിഎഫ് സർക്കാർ എപ്പോഴും ജനപക്ഷത്താണ് നിലകൊള്ളുന്നത്. സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ നയം. മലയിടംതുരുത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വകുപ്പ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു.

പ്രതിഷേധത്തിലുള്ളവരും ആയി ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായി മന്ത്രിയും പ്രാദേശിക എംഎൽഎയും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന പ്രത്യേക യോഗം നാളെ ചേരുമെന്നും മന്ത്രി കെ എ തുളസി അറിയിച്ചു.