Banner Ads

കൊച്ചി വിമാനത്താവളത്തിൽ എബോള മുൻകരുതൽ; യാത്രക്കാർക്ക് 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന

കൊച്ചി : ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടരുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാലിന്റെയും എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്.

യാത്രക്കാരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി തെർമൽ സ്ക്രീനിംഗും വിഷ്വൽ ഇൻസ്പെക്ഷനും ഏർപ്പെടുത്തും. യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ വിവരങ്ങൾ കൃത്യമായി പരിശോധിക്കും.

അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിൽ നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ പടരുന്ന എബോളയുടെ വകഭേദം അതീവ അപകടകാരിയാണെന്നും ഇതിനെതിരെയുള്ള ഫലപ്രദമായ വാക്സിൻ കണ്ടെത്താൻ മാസങ്ങൾ എടുത്തേക്കുമെന്നുമാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. എബോള വായുവിലൂടെയോ വെള്ളത്തിലൂടെയോ പടരുന്ന രോഗമല്ല. രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ രക്തം, മലമൂത്രങ്ങൾ, ഛർദ്ദി, ഉമിനീർ, വിയർപ്പ്

തുടങ്ങിയ ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിലൂടെയാണ് പകരുന്നത്. എബോള ബാധിച്ച ഒരു വ്യക്തിയിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മാത്രമേ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുകയുള്ളൂ. വൈറസ് ബാധിച്ച വവ്വാലുകൾ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിലൂടെയും മനുഷ്യരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.