Banner Ads

പാട്ടെഴുതിയവനും കേട്ടവനും അർത്ഥം അറിയില്ല; അതുപോലെയാണ് എം വി ഗോവിന്ദന്റെ പത്രസമ്മേളനം, സിപിഎമ്മിൽ പരിഹാസം

പത്തനംതിട്ട : സിപിഎം അടൂർ ഏരിയ കമ്മിറ്റി യോഗത്തിൽ എം വി ഗോവിന്ദനും പിണറായി വിജയനുമെതിരെ രൂക്ഷവിമർശനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പത്രസമ്മേളനങ്ങളെ ജയൻ സിനിമയിലെ പാട്ടിനോടാണ് യോഗത്തിൽ അംഗങ്ങൾ ഉപമിച്ചത്. ജയന്റെ സിനിമയിൽ ‘ചാം ചച്ച ചോം ചച്ച’ എന്നൊരു പാട്ടുണ്ട്. ആ പാട്ടെഴുതിയവനും സംഗീതം നൽകിയവനും പാടിയവനും കേട്ടവനും അതിന്റെ അർത്ഥം എന്താണെന്ന് അറിയില്ല.

അതുപോലെയാണ് ഗോവിന്ദൻ സഖാവിന്റെ പത്രസമ്മേളനങ്ങളും. ആർക്കും ഒന്നും മനസ്സിലാകുന്നില്ല എന്നായിരുന്നു യോഗത്തിൽ ഉയർന്ന പരിഹാസം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിനിന്ന് മാതൃക കാട്ടണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി ഉയർന്നു.

തിരഞ്ഞെടുപ്പിൽ എല്ലാ വോട്ടും എൽഡിഎഫിന് ഉറപ്പാക്കാമെന്ന് പറഞ്ഞ് അടൂരിലെ ചില സമുദായ നേതാക്കൾ പണം വാങ്ങിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് പാർട്ടി അന്വേഷിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രിജി കണ്ണൻ എന്ന സൗമ്യ മുഖത്തെ സ്ഥാനാർത്ഥിയായി കൊണ്ടുവന്നത് മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ സിപിഐയുടെ ആകെയുള്ള സംഭാവന എന്നും അംഗങ്ങൾ കുറ്റപ്പെടുത്തി.

അതിനിടെ കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനായുള്ള സിപിഎം കേന്ദ്ര കമ്മിറ്റി (സിസി) യോഗം ഡൽഹിയിൽ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും തയ്യാറാക്കിയ പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് സംസ്ഥാന ഘടകം സമർപ്പിക്കും. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനത്തെ ഓൺലൈനായി ചേർന്ന പിബി യോഗത്തിൽ നിരവധി അംഗങ്ങൾ എതിർത്തിരുന്നു.

കേന്ദ്ര കമ്മിറ്റിയിലും ഈ വിയോജിപ്പ് ചിലർ ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ പിണറായിയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാൻ ഇനി സാധിക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. പിബിയുടെ പൂർണ്ണ അംഗീകാരം വാങ്ങിയാണ് ഈ തീരുമാനമെടുത്തതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.