
തിരുവനന്തപുരം : വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ബിജെപിയുടെ മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖർ. നേമത്തെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്തത് അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ്. മണ്ഡലത്തിലെ എസ്റ്റേറ്റ്, കരുമം, കാലടി വാർഡുകളിൽ സംഘടിപ്പിച്ച നന്ദി നേമം പൗരസ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആമ്പുലൻസ് സേവന സൗകര്യം ഉൾപ്പടെയുള്ള എംഎൽഎ ഓഫിസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കും. എല്ലാ ആഴ്ചയിലും രണ്ട് ദിവസം എംഎൽഎ ഓഫീസിലും, ഒരു ദിവസം ബിജെപി സംസ്ഥാന ഓഫീസിലും ജനങ്ങൾക്ക് നേരിട്ട് കാണാൻ അവസരമുണ്ടാകും. ഓരോ രണ്ട് മാസം കൂടുമ്പോഴും മേയർ, ഡെപ്യൂട്ടി മേയർ, വാർഡ് കൗൺസിലർമാർ എന്നിവരെ ഉൾപ്പെടുത്തി വാർഡ്തല ജനസമ്പർക്ക പരിപാടികൾ നടത്തും.
നേമം മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം, മാലിന്യ പ്രശ്നം, വെള്ളക്കെട്ട് എന്നിവ പരിഹരിക്കുന്നതിനായിരിക്കും ആദ്യ ഇടപെടൽ ഉണ്ടാവുക എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്ത് വികസനം ഉറപ്പാക്കാൻ തിരുവനന്തപുരം നഗരസഭ, സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.