Banner Ads

അബ്ദുൽ റഹീമിന്റെ 20 വർഷത്തെ തടവ് പൂർത്തിയായി; പെരുന്നാൾ അവധിക്ക് ശേഷം നാട്ടിലേക്ക്

റിയാദ് : സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. സൗദിയിൽ ഔദ്യോഗികമായി പെരുന്നാൾ അവധികളിലേക്ക് കടന്നതോടെ മോചനം നീളാനാണ് സാധ്യത. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയായത്.

റഹീമിന്റെ ജയിൽ മോചനത്തിനായുള്ള അന്തിമ ഘട്ട ശ്രമങ്ങൾ സജീവമായി തുടരുകയാണെന്നും അവധിക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും റിയാദിലെ റഹീം നിയമസഹായ സമിതി അറിയിച്ചു. 2006 നവംബറിലാണ് സൗദി ബാലനായ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ൽ സൗദി കോടതി വധശിക്ഷ വിധിച്ചു.

റഹീമിന്റെ ജീവൻ രക്ഷിക്കാനായി ആഗോള മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കുകയും ദിയാധനമായി (മോചനദ്രവ്യം) ആവശ്യപ്പെട്ട 1.5 കോടി സൗദി റിയാൽ (34 കോടിയിലധികം ഇന്ത്യൻ രൂപ) കാമ്പെയ്നിലൂടെ സമാഹരിച്ചു നൽകുകയും ചെയ്തു. ദിയാധനം സ്വീകരിച്ചതോടെ മരിച്ച കുട്ടിയുടെ കുടുംബം മാപ്പ് നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തു.