
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വെച്ച് വ്യാഴാഴ്ച അജ്ഞാതരുടെ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയ ‘അൽ ബദർ’ എന്ന ഭീകരസംഘടനയിലെ പ്രമുഖ അംഗമാണ് കൊല്ലപ്പെട്ട ഹംസ ബുർഹാൻ.വ്യാഴാഴ്ച മുസാഫറാബാദിൽ വെച്ച് ഒരു സംഘം അജ്ഞാതർ ഹംസ ബുർഹാന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.ഇന്ത്യയിൽ തരംഗമായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡൽ ആക്രമണമാണ് പാക് മണ്ണിൽ നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന പ്രതികരണങ്ങൾ.
കഴിഞ്ഞ കുറച്ചുകാലങ്ങളായി പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഇന്ത്യ തിരയുന്ന നിരവധി പ്രമുഖ ഭീകരർ സമാനമായ രീതിയിൽ അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് ഇപ്പോൾ കൊല്ലപ്പെട്ട ഹംസ ബുർഹാൻ.