
മലപ്പുറം : പുറത്തൂരിൽ ഭാരതപ്പുഴയിൽ വീണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പുറത്തൂർ കളൂർ സ്വദേശി ഉള്ളാട്ടിൽ മുനീറിന്റെ മകൻ മുഹമ്മദ് ബിലാൽ (14) ആണ് മരിച്ചത്. എവിഎസ് കടവിനരികിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുകയായിരുന്നു ബിലാൽ. കളിക്കിടെ പന്ത് പുഴയിലേക്ക് തെറിച്ചുപോയി. പന്തെടുക്കാനായി പുഴയിലിറങ്ങിയ ബിലാൽ പെട്ടെന്ന് അപകടത്തിൽപ്പെടുകയായിരുന്നു.
ബിലാൽ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ മുഹമ്മദ് അഫ്‌നാൻ (14) രക്ഷിക്കാൻ പുഴയിലേക്ക് ഇറങ്ങിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ട് അഫ്നാനും മുങ്ങാൻ തുടങ്ങി. മറ്റ് കുട്ടികൾ അഫ്നാനെ കരയ്ക്ക് കയറ്റിയെങ്കിലും ബിലാലിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തി നടത്തിയ തിരച്ചിലിലാണ് ബിലാലിനെ പുഴയിൽ നിന്ന് കണ്ടെത്തിയത്.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ അഫ്‌നാൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കളൂർ നൂറുൽ ഈമാൻ മദ്രസയിലെയും ജിഎച്ച്എസ്എസ് പുറത്തൂരിലെയും ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ബിലാൽ.
റഹീനയാണ് മാതാവ്. ഹുസ്ന, മുബീന എന്നിവർ സഹോദരിമാരാണ്. പൊലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിന് ശേഷം ബിലാലിന്റെ മൃതദേഹം പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ജനവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി.