Banner Ads

പക്ഷം മാറി പിണറായിയും സതീശനും; സൈക്കിളിൽ ചാണ്ടി ഉമ്മൻ; കൗതുകങ്ങളും ആവേശവുമായി പതിനാറാം നിയമസഭയ്ക്ക് തുടക്കം

തിരുവനന്തപുരം : ആവേശത്തോടെയും രാഷ്ട്രീയ കൗതുകങ്ങളോടെയും പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണ-പ്രതിപക്ഷ കക്ഷികൾ പരസ്പരം പക്ഷം മാറിയതിന്റെ പുതുമയോടെയാണ് സഭ ഇന്ന് സമ്മേളിച്ചത്. പ്രോടേം സ്പീക്കർ ജി സുധാകരന്റെ മുൻപാകെ പുതിയ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി അതിരാവിലെ തന്നെ നിയമസഭയും പരിസരവും ജനപ്രതിനിധികളെയും അണികളെയും കൊണ്ട് സജീവമായിരുന്നു. പത്തു വർഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ള 35 എൽഡിഎഫ് അംഗങ്ങൾ ഇത്തവണ പ്രതിപക്ഷ നിരയിലാണ് ഇരുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരടങ്ങുന്ന യുഡിഎഫ് സംഘം ഭരണപക്ഷത്തെ മുൻനിരയും അലങ്കരിച്ചു.

ചെറുചാറ്റൽ മഴയുടെ അകമ്പടിയോടെയാണ് നേതാക്കളെല്ലാം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെന്ന പോലെ നിയമസഭയിലേക്കുള്ള യാത്രയിലും പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വേറിട്ട ശൈലി കൈവിട്ടില്ല. ഇത്തവണ സൈക്കിൾ റാലിയായിട്ടാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തിയത്. പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചാണ് ചാണ്ടി ഉമ്മൻ സഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.

അക്ഷരമാലാ ക്രമത്തിൽ നടന്ന സത്യപ്രതിജ്ഞയിൽ ഫിഷറീസ് മന്ത്രി വി ഇ അബ്ദുൾ ഗഫൂറാണ് ആദ്യം പ്രതിജ്ഞ ചെയ്തത്. ആറ്റിങ്ങലിൽ നിന്നുള്ള ഒ എസ് അംബിക സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതയായി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് കന്നഡയിലും ദേവികുളം എംഎൽഎ എഫ് രാജ തമിഴിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഗൗരവം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം പ്രോടേം സ്പീക്കർ ജി സുധാകരന് ഹസ്തദാനം നൽകി.

മുഖ്യമന്ത്രി വിഡി സതീശൻ എംഎൽഎ ആയുള്ള സത്യപ്രതിജ്ഞയിലും തന്റെ അച്ഛന്റെ പേരായ ദാമോദര മേനോൻ എന്ന് പേരിനൊപ്പം ആവർത്തിച്ചു. എല്ലാ എംഎൽഎമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പുതിയ സ്പീക്കർ തിരഞ്ഞെടുപ്പിനായി സഭ നാളെ രാവിലെ വീണ്ടും സമ്മേളിക്കും.