
തിരുവനന്തപുരം : പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തിലെ എംഎൽഎ സത്യപ്രതിജ്ഞയിലും അച്ഛന്റെ മുഴുവൻ പേര് ആവർത്തിച്ച് വിഡി സതീശൻ. വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ… എന്ന് ജാതിപ്പേര് ചേർത്താണ് അദ്ദേഹം ഇത്തവണയും നിയമസഭയിൽ സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയിലും ഇതേ പേര് ഉപയോഗിച്ചതിനെതിരെ കോൺഗ്രസിനകത്തു നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനം ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് നിയമസഭയിലും ഇതേ നിലപാട് ആവർത്തിച്ചത്. 2021ൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിഡി സതീശൻ എന്ന ഞാൻ എന്ന് ലളിതമായി ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ മേനോൻ എന്ന ജാതിപ്പേര് ഉറക്കെ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. മുൻപില്ലാതിരുന്ന സവർണ്ണ ജാതിവാൽ ഇപ്പോൾ ഔദ്യോഗികമായി ഉപയോഗിക്കുന്നതും സത്യപ്രതിജ്ഞാ ചടങ്ങുകളിൽ നിലവിലുള്ള മതേതര സ്വഭാവമുള്ള വരികളെ മറികടന്ന് വന്ദേമാതരം ചൊല്ലിയതുമെല്ലാം വി ഡി സതീശന്റെ മുൻകാല നിലപാടുകളിലെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം.