Banner Ads

മുതിർന്ന മാധ്യമപ്രവർത്തകൻ; കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരം : മാധ്യമരംഗത്ത് തനതായ മുദ്രപതിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ ജി പരമേശ്വരൻ നായർ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷക്കാലം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം സഭാ നടപടികളുടെ റിപ്പോർട്ടിങ്ങിന് പുതിയൊരു ശൈലിയും ആഴവും നൽകിയ വ്യക്തിത്വമായിരുന്നു.

നിയമസഭാ റിപ്പോർട്ടിങ്ങിലെ ദീർഘകാലത്തെ മികച്ച സേവനം മുൻനിർത്തി നിയമസഭയുടെ പ്രത്യേക ആദരവും ഏറ്റുവാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിൻ്റെ 2021ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, പട്ടം താണുപിള്ള അവാർഡ്, കെ സി സെബാസ്‌റ്റ്യൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മികച്ച നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള ജി കാർത്തികേയൻ സ്മാരക പുരസ്കാരം ഉൾപ്പെടെ പതിമൂന്നോളം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. മക്കൾ: രാജേശ്വരി, സുജ. മരുമക്കൾ: രാജശേഖരൻ (മുൻ ആകാശവാണി അനൗൺസർ), സുനിൽ കുമാർ.