
കൊച്ചി : മലയാള സിനിമയുടെ ചരിത്രത്താളുകളിൽ സുവർണ്ണാക്ഷരങ്ങളാൽ എഴുതപ്പെട്ട മോഹൻലാൽ ചിത്രം കിരീടം തിയേറ്ററുകളിൽ വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്ന ചിത്രം അത്യാധുനിക 4K ദൃശ്യഭംഗിയിലും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തോടെയുമാണ് റീ-റിലീസിന് തയ്യാറെടുക്കുന്നത്.
മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ ഔദ്യോഗിക പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ജൂൺ മാസത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
കൃപാ ഫിലിംസിന്റെ ബാനറിൽ എൻ കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്നാണ് 1989 ൽ ഈ ചിത്രം നിർമ്മിച്ചത്. ലോഹിതദാസ് എന്ന പ്രതിഭയുടെ തൂലികയും സിബി മലയിലിന്റെ ദൃശ്യസൃഷ്ടിയും ജോൺസൺ മാസ്റ്ററുടെ സംഗീത മാന്ത്രികതയും ഒത്തുചേർന്നപ്പോൾ പിറന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ വിസ്മയമായിരുന്നു.
ഒരു സാധാരണക്കാരനായ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളെ വിധി എങ്ങനെ തല്ലിക്കെടുത്തുന്നുവെന്നും അവൻ എങ്ങനെ അനായാസം ഒരു ക്രിമിനലായി മുദ്രകുത്തപ്പെടുന്നുവെന്നും കാട്ടിത്തന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ ഇന്നും ഈറനണിയിക്കുന്ന ഒന്നാണ്. മോഹൻലാൽ-തിലകൻ കൂട്ടുകെട്ടിന്റെ ഓൺസ്‌ക്രീൻ രസതന്ത്രം അതിന്റെ പരകോടിയിൽ എത്തിയ ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ ക്ലൈമാക്സിൽ തിലകൻ അവതരിപ്പിച്ച അച്യുതൻ നായർ പറയുന്ന “കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്…” എന്ന സംഭാഷണം ഇന്നും മലയാളത്തിലെ ഏറ്റവും വൈകാരിക തീവ്രതയുള്ള രംഗമായി നിലകൊള്ളുന്നു. കിരീടം വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിന്റെ ഭാഗമായിരുന്നതും എന്നാൽ ഇന്ന് ഓർമ്മയായി മാറിയതുമായ വലിയൊരു പ്രതിഭാ നിരയെ ബിഗ് സ്‌ക്രീനിൽ വീണ്ടും കാണാമെന്ന പ്രത്യേകതയുമുണ്ട്.
തിലകൻ, കവിയൂർ പൊന്നമ്മ, മുരളി, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഫിലോമിന, തിക്കുറിശ്ശി, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയ അന്തരിച്ച പ്രിയ താരങ്ങളെ വീണ്ടും വെള്ളിത്തിരയിൽ കാണുന്നത് പ്രേക്ഷകർക്ക് സന്തോഷത്തോടൊപ്പം ഒരു വലിയ നൊമ്പരവും സമ്മാനിക്കും. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി,
മണിയൻപിള്ള രാജു തുടങ്ങിയ വലിയൊരു താരനിര അണിനിരന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറാണ്. പുത്തൻ സാങ്കേതിക തികവോടെ സേതുമാധവനും കീരിക്കാടൻ ജോസും തിയേറ്ററുകളിൽ നേർക്കുനേർ വരുമ്പോൾ പഴയ തലമുറയ്ക്ക് അത് ഓർമ്മ പുതുക്കലും പുതിയ തലമുറയ്ക്ക് അതൊരു പുതിയ തിയേറ്റർ അനുഭവവുമായിരിക്കും എന്ന് തീർച്ച.