
തിരുവനന്തപുരം : സിപിഎം പാർട്ടിയിൽ എല്ലാവരും വിമർശനത്തിന് വിധേയരാണെന്നും തെറ്റുകൾ തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയെന്നും മുതിർന്ന നേതാവ് എംവി ജയരാജൻ. സംസ്ഥാനത്തെ വിവിധ സിപിഎം ജില്ലാ കമ്മിറ്റികളിൽ പാർട്ടി നേതൃത്വത്തിനും പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം.
വിമർശനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ കരുത്തെന്നും പാർട്ടിയിൽ ഉയരുന്നത് വ്യക്തിപരമായ വിമർശനങ്ങളല്ലെന്നും ജയരാജൻ പറഞ്ഞു. പ്രവർത്തനങ്ങളിലെ പോരായ്മകളായി കണ്ട് തെറ്റുകൾ തിരുത്താനുള്ള അവസരമായാണ് പാർട്ടി ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുല്യമായ അധികാര കേന്ദ്രമായിരുന്ന പിണറായി വിജയനെതിരെ പാർട്ടിയിൽ മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
പിണറായി വിജയന്റെ ശൈലിയിലെ അസഹിഷ്ണുതയും സമീപനത്തിലെ ധാർഷ്ട്യവുമാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് ജില്ലാ കമ്മിറ്റികളിൽ അണികൾ ഉദാഹരണ സഹിതം ചൂണ്ടിക്കാണിക്കുന്നു. എന്തിനും ഏതിനും പാർട്ടി ക്ലാസെടുക്കുന്ന രീതി ശരിയല്ലെന്നും പദവി ഒഴിയുകയാണ് നല്ലതെന്നും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അംഗങ്ങൾ തുറന്നടിച്ചു.
നേതൃത്വത്തിനെതിരെ ഉയർന്ന ശൈലീ വിമർശനങ്ങളെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ എംവി ഗോവിന്ദൻ തന്നെ ശരിവെച്ചു. തന്റെ ശൈലിയെക്കുറിച്ച് വീട്ടിൽ നിന്ന് പോലും വിമർശനം കേൾക്കുന്നുണ്ടെന്നും അച്ഛൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്ന് സ്വന്തം മകൻ വരെ ചോദിച്ചതായും എംവി ഗോവിന്ദൻ യോഗത്തിൽ തുറന്നുസമ്മതിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളി. ആണധികാരത്തിന്റെ വക്താക്കളാണ് ശ്യാമളയെ വിമർശിക്കുന്നതെന്നാണ് ഗോവിന്ദന്റെ വാദം.