
കൊച്ചി : നാലര പതിറ്റാണ്ടിലേറെയായി മലയാളിക്ക് നവരസങ്ങളുടെ വിസ്മയക്കാഴ്ചകൾ സമ്മാനിച്ച പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം. ക്യാമറയ്ക്ക് മുന്നിൽ പകർന്നാടിയ അനശ്വര മുഹൂർത്തങ്ങളിലൂടെ മലയാളിയുടെ പ്രണയവും വിരഹവും ഈഗോയും ഹീറോയിസവുമൊക്കെയായി മാറിയ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ പിറന്നാൾ ലോകമെമ്പാടുമുള്ള ആരാധകർ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ അർദ്ധരാത്രി മുതൽ തന്നെ താരത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകളുടെ പ്രവാഹമാണ്. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചലച്ചിത്ര ലോകത്തെ സഹപ്രവർത്തകരും ഇന്ത്യൻ സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു കഴിഞ്ഞു. 1978 ൽ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നിർമ്മിച്ച തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു മോഹൻലാലിന്റെ തുടക്കം.
പിന്നീട് മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലനായി വന്ന് മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്നു. ലളിതസുന്ദരമായ ഹാസ്യ വേഷങ്ങളിലൂടെയും അടിമുടി തീയേറ്ററുകളെ ഇളക്കിമറിച്ച മാസ് കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാള സിനിമയുടെ കിരീടം വെക്കാത്ത രാജാവായി മാറി. രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച ഈ നടനവിസ്മയം മികച്ച നടനുള്ള ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.