Banner Ads

ഒരു കിലോ ചിരട്ടയ്ക്ക് 33 രൂപ; നാളികേരത്തിന് വിലയിടിയുമ്പോഴും ചിരട്ട വിപണിയിൽ വൻ കുതിപ്പ്

കൊച്ചി : സംസ്ഥാനത്ത് നാളികേര കർഷകർ കടുത്ത പ്രതിസന്ധി നേരിടുമ്പോഴും കമ്പോളത്തിൽ ചിരട്ടയ്ക്ക് വൻ വിലക്കയറ്റം. തേങ്ങയുടെ വില നാൾക്കുനാൾ ഇടിയുമ്പോൾ ചിരട്ടയ്ക്ക് ഇതുവരെയില്ലാത്ത ഡിമാൻഡാണ് ഇപ്പോൾ വിപണിയിലുള്ളത്. നിലവിൽ ഒരു കിലോ ചിരട്ടയ്ക്ക് ഇപ്പോൾ 33 രൂപ വരെ നാട്ടിൽ വില കിട്ടുന്നുണ്ട്. പച്ചത്തേങ്ങയുടെ വില ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ ക്വിന്റലിന് 4500 രൂപയിലേക്ക് താഴ്ന്നു.

വിലയിടിവ് കാരണം കർഷകരും ചെറുകിട വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ആക്ടിവേറ്റഡ് കാർബൺ ഉണ്ടാക്കാനുമാണ് ചിരട്ട ഉപയോഗിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ചിരട്ടക്കരി വ്യവസായശാലകളിൽ നിന്നുള്ള ഡിമാൻഡ് കൂടിയതോടെ അവിടെ നിന്നുള്ള ഏജന്റുമാർ നേരിട്ടെത്തിയാണ് കേരളത്തിൽ നിന്ന് ചിരട്ട സംഭരിക്കുന്നത്.

ചിരട്ടയ്ക്ക് വിപണിയിൽ നല്ല വിലയുണ്ടെങ്കിലും തൊണ്ടോടെ തേങ്ങ വിൽക്കുന്ന സാധാരണ കർഷകർക്ക് ഇതുകൊണ്ട് വലിയ നേട്ടമില്ല. തേങ്ങ  പൊതിച്ച്, പരിപ്പ് മാറ്റി, ചിരട്ട മാത്രമായി വേർതിരിച്ച് വിൽക്കാൻ സാധിച്ചാൽ മാത്രമേ കർഷകന് ഈ ഉയർന്ന വിലയുടെ യഥാർത്ഥ പ്രയോജനം ലഭിക്കൂ.