
തിരുവനന്തപുരം : വിഡി സതീശൻ സർക്കാരിന്റെ ആദ്യ ക്യാബിനറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ സുപ്രധാന തീരുമാനം. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്-കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് മന്ത്രിസഭ ഉത്തരവിട്ടു.
പ്രത്യേക അന്വേഷണ സംഘം കേസ് വീണ്ടും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രതിഷേധക്കാർക്ക് നേരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഇവർ പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസ് നടപടിയെടുക്കാൻ മടിച്ചതോടെ യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഗൺമാൻമാർക്കെതിരെ പൊലീസ് കേസെടുത്തത്.