
തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്.
അതേസമയം, ഇത്തവണ കാലവർഷം നേരത്തെയെത്തുമെന്നും മെയ് 26ഓടെ മൺസൂൺ കേരള തീരത്ത് എത്തിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെയാണ് കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
നാളെ (17/05/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റന്നാൾ (18/05/2026) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.