Banner Ads

സതീശൻ മന്ത്രിസഭയുടെ ചിത്രം ഇന്നറിയാം; വകുപ്പുവിഭജന ചർച്ചകൾ ഇന്ന്, കടുംപിടുത്തവുമായി ഘടകകക്ഷികൾ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രഖ്യാപനം ഇന്ന് നടക്കും. ഘടകകക്ഷികളുമായുള്ള അവസാനവട്ട നിർണായക ചർച്ചകൾ ഇന്ന് തിരുവനന്തപുരത്ത് പൂർത്തിയാകും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 11 മന്ത്രിമാരുണ്ടാകും. മുസ്ലിം ലീഗിന് അഞ്ചും ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനവും നൽകാനാണ് നിലവിലെ ധാരണ.

ഘടകകക്ഷികൾക്ക് മുൻപ് ഉണ്ടായിരുന്ന പഴയ വകുപ്പുകൾ തന്നെ നൽകാനാണ് കോൺഗ്രസ് താല്പര്യപ്പെടുന്നതെങ്കിലും ചിലർ പുതിയ വകുപ്പുകൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അതേസമയം, കഴിഞ്ഞ തവണ ലീഗ് കൈകാര്യം ചെയ്ത വിദ്യാഭ്യാസ വകുപ്പ് ഇക്കുറി കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. മോൺസ് ജോസഫ്, അപ്പു ജോസഫ് എന്നിവരെ മന്ത്രിമാരാക്കണമെന്നാണ് ഇവരുടെ ആവശ്യമെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി ഒത്തുതീർപ്പാക്കാനാണ് കോൺഗ്രസ് നീക്കം.

മുന്നണിയുടെ അസോസിയേറ്റ് അംഗങ്ങളായ കെ.കെ. രമ, മാണി സി. കാപ്പൻ എന്നിവർക്ക് രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്. മുൻ സിപിഎം നേതാവ് ജി. സുധാകരന് സ്പീക്കർ പദവിയോ അല്ലെങ്കിൽ മറ്റേതെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള പദവിയോ നൽകുന്ന കാര്യവും കോൺഗ്രസിന്റെ സജീവ പരിഗണനയിലാണ്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിയിൽ അന്തിമ തീരുമാനമുണ്ടാകും.