
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യുഡിഎഫ് മന്ത്രിസഭ രൂപീകരണത്തിനുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡും നേതൃത്വവും സജീവ നീക്കം നടത്തുകയാണ്. ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.സതീശനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിച്ചുകൊണ്ട് ചെന്നിത്തല കത്ത് നൽകിയത് മഞ്ഞുരുകുന്നതിൻ്റെ സൂചനയായി കാണുന്നു. ചെന്നിത്തല മന്ത്രിയാകണമെന്ന നിലപാടിലാണ് ഹൈക്കമാൻഡും അദ്ദേഹത്തിൻ്റെ ഗ്രൂപ്പും.മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരാണ് കോൺഗ്രസിന് ഉണ്ടാവുക.
സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളും കോൺഗ്രസ് തന്നെ നിലനിർത്തും.അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലീഗിന് ലഭിച്ചേക്കും.രണ്ട് മന്ത്രിസ്ഥാനങ്ങൾക്കായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.ഏക അംഗങ്ങളുള്ള കക്ഷികൾക്കും പൂർണ്ണ കാലാവധി മന്ത്രിസ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്.മുഖ്യമന്ത്രി സ്ഥാനം കെ.സി. വേണുഗോപാലിലേക്ക് എത്താതിരുന്ന പശ്ചാത്തലത്തിൽ, മന്ത്രിസഭയിൽ പരമാവധി സ്വാധീനം ഉറപ്പിക്കാൻ കെ.സി. പക്ഷം നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. “അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി” എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെച്ചിരിക്കുന്നത്.
നേരത്തെ കോൺഗ്രസിന് 13 പദവികൾ ലഭിക്കുമെന്നായിരുന്നു സൂചനകളെങ്കിലും നിലവിൽ അത് 11-ലേക്ക് പരിമിതപ്പെടുത്തിയതായാണ് വിവരം.രമേശ് ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ സമ്മതം മൂളുന്നതോടെ കോൺഗ്രസിലെ പ്രമുഖ നേതാക്കളെല്ലാം ഭരണത്തിൻ്റെ ഭാഗമാകുമെന്ന് ഉറപ്പായി. ഇത് വരുംദിവസങ്ങളിൽ യുഡിഎഫിൽ കൂടുതൽ ഐക്യത്തിന് വഴിവെക്കുമെന്നാണ് വിലയിരുത്തൽ ഈ മന്ത്രിസഭാ രൂപീകരണത്തിൽ ആർക്കൊക്കെയായിരിക്കും സുപ്രധാന വകുപ്പുകൾ ലഭിക്കുക എന്നതിലാണ് ഇനി രാഷ്ട്രീയ കേരളത്തിൻ്റെ ആകാംക്ഷ.