Banner Ads

മന്ത്രിസഭയിലേക്കില്ല, യോഗം ബഹിഷ്കരിക്കും; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി. മന്ത്രിസഭയിൽ അംഗമാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല.

പകരം നിയുക്ത മുഖ്യമന്ത്രി വിഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള കത്ത് നൽകാനാണ് ചെന്നിത്തലയുടെ തീരുമാനം. അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിട്ടും സീനിയോറിറ്റി മാനിക്കപ്പെട്ടില്ലെന്ന കടുത്ത അമർഷത്തിലാണ് ചെന്നിത്തല. അച്ചടക്കം പാലിച്ചിട്ടും പാർട്ടി തന്നെ അവഗണിച്ചുവെന്നാണ് ചെന്നിത്തല പ്രതികരിച്ചത്.

മന്ത്രിസഭയിൽ അംഗമാകാൻ താനില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. പകരം തന്റെ പക്ഷത്തുള്ള വിശ്വസ്തരെ മന്ത്രിമാരാക്കാൻ സമ്മർദ്ദം ചെലുത്തിയേക്കും. ചെന്നിത്തല മാറിനിൽക്കുന്നതോടെ മന്ത്രിസഭയിൽ ഭൂരിഭാഗം സ്ഥാനങ്ങളും നേടിയെടുത്ത് കരുത്ത് കാട്ടാനാണ് കെസി വേണുഗോപാൽ പക്ഷത്തിന്റെ നീക്കം.

ചെന്നിത്തലയെ തഴഞ്ഞതിൽ ഹരിപ്പാട്ടെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ നിരാശയുണ്ട്. അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെന്ന വികാരമാണ് അണികൾ പങ്കുവെക്കുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്.