
കോഴിക്കോട് : പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് മലബാറിലെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു.
കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 500 എംവിഎ ശേഷിയുള്ള മൂന്നാം നമ്പർ ട്രാൻസ്ഫോർമറിലെ 220 കെവി ബുഷിംഗിലാണ് തകരാർ കണ്ടെത്തിയത്. തകരാർ പരിഹരിക്കുന്നതിനായി അടിയന്തര ഷട്ട്ഡൗൺ ആവശ്യമാണെന്ന് പവർഗ്രിഡ് കോർപ്പറേഷൻ കെഎസ്ഇബിയെ അറിയിക്കുകയായിരുന്നു.
ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണി നടത്തി പൂർണ്ണ സജ്ജമാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കും. ഉയർന്ന ശേഷിയുള്ള ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമാകുന്നതോടെ മലബാറിലെ വൈദ്യുതി വിതരണ ശൃംഖലയിൽ ലോഡ് ക്രമീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഓരോ പ്രദേശത്തെയും കൃത്യമായ നിയന്ത്രണ സമയം കെഎസ്ഇബി ഓഫീസുകൾ വഴി അറിയാൻ സാധിക്കും.
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും അത്യാവശ്യമില്ലാത്ത വൈദ്യുത ഉപകരണങ്ങൾ (എസി, വാഷിംഗ് മെഷീൻ തുടങ്ങിയവ) നിയന്ത്രിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.