
തിരുവനന്തപുരം : ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനത്തിൽ നാളെ തീരുമാനമുണ്ടായേക്കും. നാളെ ചേരുന്ന പരീക്ഷാ ബോർഡ് യോഗം ഫലം എന്നാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും ആര് പ്രഖ്യാപിക്കണമെന്നും ചർച്ച ചെയ്യും.
മറ്റ് സിലബസുകളിലെ ഫലങ്ങൾ ഇതിനോടകം പുറത്തുവന്നെങ്കിലും സംസ്ഥാന സിലബസിലെ ഫലം വൈകുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. വെള്ളിയാഴ്ച (മെയ് 15) ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൂല്യനിർണ്ണയ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
പുതിയ സർക്കാർ അധികാരമേൽക്കാൻ വൈകുന്നതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം. വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ മന്ത്രിസഭാ രൂപീകരണം നടക്കാത്ത സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതയാണുള്ളത്.
2019ൽ പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. 2016ൽ ചീഫ് സെക്രട്ടറിയും ഫലം പ്രഖ്യാപിച്ചിരുന്നു. ഈ കീഴ്വഴക്കങ്ങൾ പരീക്ഷാ ബോർഡ് പരിഗണിച്ചേക്കും. പുതിയ മന്ത്രിക്കായി കാത്തിരിക്കണോ അതോ ചീഫ് സെക്രട്ടറിയോ വിദ്യാഭ്യാസ സെക്രട്ടറിയോ ഫലം പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ നാളെ അന്തിമ തീരുമാനമാകും.
4.17 ലക്ഷം വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. പരീക്ഷാ ബോർഡ് ഫലം അംഗീകരിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.