Banner Ads

മഴ വരുന്നു! 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്പെടും; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഈ ആഴ്ച അവസാനത്തോടെ തെക്കുപടിഞ്ഞാറൻ കാലവർഷം ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപുകളിലും എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കും. തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

അടുത്ത അഞ്ച് ദിവസം കേരളത്തിലും മാഹിയിലും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. മെയ് 14 മുതൽ 16 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.