
കൊച്ചി : വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണവിലയിൽ വർദ്ധനവ്. സാധാരണക്കാരുടെ ആശ്രയമായ ചായയ്ക്കും ഊണിനും ഉൾപ്പെടെ വില കൂട്ടിയതോടെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയായിരിക്കുകയാണ്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി മുതൽ 16 രൂപ നൽകണം.
ഒരു ഊണിന് 30 രൂപ വരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 90 രൂപയായിരുന്ന ഊണിന് 120 രൂപ വരെ നൽകേണ്ടി വരും. നോൺ വെജ് വിഭവങ്ങളുടെ വിലയിലും വർദ്ധനവുണ്ടാകും. പൊറോട്ടയുടെ വില വർധിപ്പിച്ചതിനാൽ അതിന് മാറ്റമുണ്ടാകില്ല. ഹോട്ടലുകൾക്ക് പുറമെ കാറ്ററിംഗ്, ഹോസ്റ്റൽ മേഖലകളും കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.
അതേസമയം ഇന്ധനവിലയും ഗാർഹിക സിലിണ്ടർ വിലയും വർദ്ധിപ്പിക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾ ഒരുങ്ങുന്നതായാണ് സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. കേന്ദ്ര സർക്കാരിന്റെ അനുമതി കമ്പനികൾക്ക് ലഭിച്ചതായാണ് വിവരം. രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും.
വിലക്കയറ്റം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കാതിരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കുമായി ചർച്ചകൾ നടത്തി. അവശ്യവസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.