
ന്യൂഡൽഹി : ഇടതുമുന്നണിയിലെ ഉഭയകക്ഷി തർക്കങ്ങളിലും തിരഞ്ഞെടുപ്പ് പരാജയത്തിലും നിലപാട് കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സിപിഎം ഇത് നിഷേധിക്കുന്നത് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഡൽഹിയിൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സിപിഎമ്മിന് തീരുമാനിക്കാം. എന്നാൽ ഉപനേതാവ് പദവി സംബന്ധിച്ച സാങ്കേതിക തടസ്സങ്ങൾ മാറണമെന്നതാണ് സിപിഐ നിലപാട്. രാഷ്ട്രീയത്തിൽ വ്യക്തിപൂജയുണ്ടാകുന്നത് വലിയ പിഴവാണെന്ന് ലോകചരിത്രം പഠിപ്പിക്കുന്നു. അത്തരം പ്രവണതകൾ തിരുത്തപ്പെടേണ്ടതുണ്ട്.
ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ചത് വലിയ തെറ്റാണ്. തൊഴിലാളി സമരങ്ങളെ തള്ളിക്കളയുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. ജനങ്ങൾ നൽകിയ മുന്നറിയിപ്പാണിത്. പിഴവുകൾ തിരുത്തി മുന്നോട്ട് പോകാൻ പാർട്ടി നിർബന്ധിതമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും താൻ മാറണമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ ബിനോയ് വിശ്വം തള്ളി.
ഫേസ്ബുക്കിൽ ചിലർ പറഞ്ഞത് കൊണ്ട് മാത്രം നേതൃമാറ്റം ഉണ്ടാകില്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അതിന് വ്യക്തമായ രീതികളുണ്ട്. നിലവിൽ അത്തരമൊരു ആവശ്യം പാർട്ടിയിൽ ഉയർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.