Banner Ads

പേയാട് നിന്ന് പിടികൂടിയ മൂർഖന്റെ മുട്ടകൾ വിരിഞ്ഞു; 31 കുഞ്ഞുങ്ങളെ വനംവകുപ്പിന് കൈമാറി

തിരുവനന്തപുരം : പാമ്പ് സംരക്ഷകൻ മുതിയാവിള രതീഷ് പേയാട് നിന്നും കണ്ടെത്തിയ പാമ്പിൻ മുട്ടകൾ വിരിഞ്ഞപ്പോൾ വിസ്മയമായി 31 മൂർഖൻ കുഞ്ഞുങ്ങൾ. ഏപ്രിൽ 29 ബുധനാഴ്ച രാത്രി 12 മണിയോടെ പേയാട് ചന്തമുക്കിന് സമീപമുള്ള മനുവിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പാമ്പിനെ കണ്ടതോടെയാണ് രതീഷ് അവിടെ എത്തുന്നത്.

ആദ്യം കോഴിക്കൂട്ടിൽ നിന്നും ഏകദേശം 16 വയസ്സ് പ്രായം തോന്നിക്കുന്ന ആൺ മൂർഖനെ പിടികൂടി. അവിടെ നിന്നും മടങ്ങാൻ ഒരുങ്ങവേയാണ് സമീപത്തെ പൊത്തിൽ മറ്റൊരു പാമ്പ് കയറിപ്പോകുന്നത് നാട്ടുകാർ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്നും പെൺ മൂർഖനെയും 30 ഓളം മുട്ടകളെയും രതീഷ് കണ്ടെത്തി.

പിടികൂടിയ പാമ്പുകളെ അന്നുതന്നെ വനംവകുപ്പിന് കൈമാറിയെങ്കിലും മുട്ടകൾ വിരിയിച്ചെടുക്കുന്നതിനായി രതീഷ് തന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു. പ്രത്യേക കാനിൽ ശാസ്ത്രീയമായ രീതിയിൽ സൂക്ഷിച്ച മുട്ടകളിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുഞ്ഞുങ്ങൾ പുറത്തുവന്നത്. 30 മുട്ടകളിൽ നിന്നും മുഴുവൻ കുഞ്ഞുങ്ങളും വിരിഞ്ഞതിന് പുറമെ ഒരെണ്ണം അധികമായി വന്നത് രതീഷിനെയും അത്ഭുതപ്പെടുത്തി.

സാധാരണ ഗതിയിൽ മുട്ടകൾ വിരിയുമ്പോൾ എണ്ണം കുറയാറാണ് പതിവ്. എന്നാൽ ഇവിടെ 30 മുട്ടകളിൽ നിന്ന് 31 കുഞ്ഞുങ്ങൾ ലഭിച്ചു. ഒരു മുട്ടയിൽ നിന്ന് ഇരട്ടക്കുഞ്ഞുങ്ങൾ വിരിഞ്ഞതാകാം ഇതിന് കാരണമെന്ന് മുതിയാവിള രതീഷ് പറഞ്ഞു. വിരിഞ്ഞിറങ്ങിയ 31 മൂർഖൻ കുഞ്ഞുങ്ങളെയും രതീഷ് സുരക്ഷിതമായി വനംവകുപ്പിന് കൈമാറി.