Banner Ads

തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം: വിജയ്‌യെ തടയാൻ ഡിഎംകെ – എഐഎഡിഎംകെ അവിശുദ്ധ സഖ്യമെന്ന് റിപ്പോർട്ട്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഭരണരൂപീകരണത്തിനായി അണിയറയിൽ നാടകീയ നീക്കങ്ങൾ സജീവമാകുന്നു. തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ചിരവൈരികളായ ഡിഎംകെയും എഐഎഡിഎംകെയും കൈകോർക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ.എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി എഐഎഡിഎംകെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് ഡിഎംകെ ആലോചിക്കുന്നത്.

ടിവികെയെ ഭരണത്തിൽ നിന്ന് അകറ്റാൻ വർഗീയ കക്ഷികളെ മാറ്റിനിർത്തണമെന്ന നിലപാട് ഡിഎംകെ ഉയർത്തുന്നുണ്ട്. ഇതിനായി ബിജെപിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ എഐഎഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വിടുതലൈ ചിരുതൈഗൽ കക്ഷി (വിസികെ) പോലുള്ള ചെറുകക്ഷികൾക്ക് മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകി ഒപ്പം നിർത്താനും നീക്കമുണ്ട്.തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ വിജയ്‌യുടെ ടിവികെ, കേവല ഭൂരിപക്ഷത്തിന് കേവലം 10 സീറ്റുകൾ മാത്രമാണ് അകലെ നിൽക്കുന്നത്.

കോൺഗ്രസ് പിന്തുണ ലഭിച്ചാലും 5 എംഎൽഎമാരുടെ പിന്തുണ കൂടി വിജയ്‌ക്ക് ആവശ്യമാണ്. എന്നാൽ ഡിഎംകെയും എഐഎഡിഎംകെയും ചേർന്ന് അവിശുദ്ധ സഖ്യമുണ്ടാക്കി തന്നെ പുറത്തിരുത്താൻ ശ്രമിച്ചാൽ, തന്റെ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരും രാജിവെക്കുമെന്ന് വിജയ് അന്ത്യശാസനം നൽകി.അതേസമയം, ഗവർണറുടെ തീരുമാനം ഈ ഘട്ടത്തിൽ നിർണ്ണായകമാണ്. സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ വിജയ്‌ക്ക് മെയ് 10 വരെ ഗവർണർ സമയം അനുവദിച്ചിട്ടുണ്ട്. ഗവർണറുടെ ഈ തീരുമാനത്തെ മാനിക്കുമെന്നാണ് ഡിഎംകെ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, എഐഎഡിഎംകെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ ഇതുവരെ ഔദ്യോഗികമായ അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ല.