Banner Ads

സിപിഐയിൽ നേതൃമാറ്റമില്ല; മുന്നണിയിൽ തിരുത്തൽ ശക്തിയായി തുടരുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തമാക്കി സിപിഐ. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റത്തിന്റെ സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രണ്ടാം കക്ഷിയായ സിപിഐക്ക് അർഹതപ്പെട്ടതാണ്. ഇക്കാര്യത്തിൽ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂ. മുൻപും ഇത്തരത്തിൽ നടപടികൾ ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സിപിഎം തീരുമാനിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ട്. ഇടതുമുന്നണിയിൽ നയവ്യതിയാനങ്ങൾ ഉണ്ടായപ്പോൾ തിരുത്തൽ ശക്തിയായി സിപിഐ നിലകൊണ്ടിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ പദ്ധതികൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഖാക്കൾക്ക് അഭിപ്രായങ്ങൾ തുറന്നടിക്കാം എന്ന എം.എ. ബേബിയുടെ പ്രസ്താവനയിൽ സിപിഐയിൽ എന്നും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി.