
തിരുവനന്തപുരം:കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ചേരിതിരിഞ്ഞുള്ള പോര് തെരുവിലേക്ക്. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുയായികൾ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നത് തുടരുകയാണ്.വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കടുത്തുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ പരിഭ്രാന്തി പരത്തി.
കടുത്തുരുത്തി സ്വദേശി ഫ്രാൻസിസ് ആണ് സ്വന്തം ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധിച്ചത്. ഉടൻ തന്നെ പോലീസ് ഇടപെട്ട് ഇയാളെ പിന്തിരിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.സതീശനെ പിന്തുണച്ച് ഇടുക്കി, കണ്ണൂർ, കോഴിക്കോട്, നെട്ടൂർ എന്നിവിടങ്ങളിൽ പ്രകടനങ്ങൾ നടന്നു. ഇന്ന് കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലും ഈരാറ്റുപേട്ടയിലും സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പ്രവർത്തകർ ഒരുങ്ങുകയാണ്.
കുന്നത്തൂർ കുമരൻചിറയിൽ കെ.സി. വേണുഗോപാലിനായി യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലെക്സുകൾ ഉയർന്നു. “അധികാര കസേരയിൽ സാധാരണക്കാരന്റെ ശബ്ദം, കുഞ്ഞൂഞ്ഞിന് ശേഷം ഇനി കെ.സി” എന്നാണ് ഫ്ലെക്സിലെ വാചകം.ഇടുക്കിയിൽ അച്ചടക്ക നടപടി .ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് പരസ്യ പ്രകടനം നടത്തിയവർക്കെതിരെ ഇടുക്കി ഡിസിസി കർശന നടപടി സ്വീകരിച്ചു.
മൂന്ന് പ്രമുഖ നേതാക്കളെ പദവികളിൽ നിന്ന് നീക്കം ചെയ്തു വി. ഇ. താജുദ്ദീൻ (ഡിസിസി ജനറൽ സെക്രട്ടറി)സുരേഷ് ബാബു (വെസ്റ്റ് മണ്ഡലം പ്രസിഡന്റ്)ജോയ് മൈലാടി (കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി)സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് സി.പി. മാത്യു വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് ചർച്ചകൾ തുടരുന്നതിനിടെ അണികൾ തെരുവിലിറങ്ങുന്നത് നേതൃത്വത്തിന് വലിയ തലവേദനയാകുന്നുണ്ട്