
കൊല്ലം:കുടുംബത്തെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിന് കഠിനതടവും പിഴയും വിധിച്ച് കോടതി. മയ്യനാട് വടക്കുംകര സ്വദേശി ജയനെയാണ് (40) കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി 31 വർഷം തടവിനും ഒന്നര ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 18 മാസം കൂടി അധികമായി തടവ് അനുഭവിക്കേണ്ടി വരും.
2020 ഡിസംബറിലായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രേമിച്ചു വിവാഹം കഴിച്ച ജയൻ, ഭാര്യയ്ക്കും മൂന്ന് പെൺമക്കൾക്കുമൊപ്പം ഭാര്യമാതാവിന്റെ വീട്ടിലായിരുന്നു താമസം. ഭാര്യ ജോലിക്കു പോകുന്നതിനെ ചൊല്ലി ഇയാൾ നിരന്തരം വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഭാര്യ ജോലി ചെയ്യുന്ന ലോട്ടറിക്കടയിലെത്തി ഭീഷണിപ്പെടുത്തിയ പ്രതി, അന്ന് രാത്രി 7.30-ഓടെ വീട്ടുമുറ്റത്ത് നിന്നിരുന്ന ഭാര്യയുടെയും മകളുടെയും തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും അയൽവാസികളാണ് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്. ദേഹമാസകലം പൊള്ളലേറ്റ ഇവർ ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ നാല് വർഷത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ 2025 ഓഗസ്റ്റിലാണ് പോലീസ് പിടികൂടിയത്.
കേസിൽ സാക്ഷിയായ അയൽവാസിയെ ഭീഷണിപ്പെടുത്തിയതിനും സ്കൂട്ടർ തീയിട്ട് നശിപ്പിച്ചതിനും ജയനെതിരെ മറ്റൊരു കേസിൽ വിചാരണ നടക്കുന്നുണ്ട്.ഇരവിപുരം ഇൻസ്പെക്ടർ കെ. വിനോദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ ജഡ്ജി പി.എൻ. വിനോദാണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ. ഗോകുൽ പി.രാജ് എന്നിവർ ഹാജരായി.