
കോഴിക്കോട് : മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാതെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം താൻ കണ്ടിട്ടില്ലെന്നും ആർക്കാണ് തന്റെ പിന്തുണയെന്നത് പരസ്യമായി പറയാനാകില്ലെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണെന്നും എംഎൽഎമാരുടെ അഭിപ്രായം തേടിയ ശേഷമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്ന് സന്ദീപ് വ്യക്തമാക്കി. ലീഗിനെതിരെയുള്ള മാത്യു കുഴൽനാടന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്.
അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ട് ഉണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിനായി ഫ്ലക്സ് ഉയർത്തുന്നതും പ്രകടനങ്ങൾ നടത്തുന്നതും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ അത് പരിധി വിടരുത്. വാരണാസിയിൽ നരേന്ദ്ര മോദി കഷ്ടിച്ച് ജയിച്ചതുപോലെയാണ് ധർമ്മടത്ത് പിണറായി വിജയൻ വിജയിച്ചതെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.