
ന്യൂഡൽഹി : കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള ചർച്ചകൾക്കായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ വിജയത്തിൽ രാഹുൽ ഗാന്ധി തന്നെ അഭിനന്ദിച്ചുവെന്നും താൻ ഏറെ സന്തോഷവാനാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് കൃത്യസമയത്ത് എടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയതെന്നാണ് ചെന്നിത്തലയുടെ വിശദീകരണം. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ ഡൽഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് കേരള ഹൗസിൽ അനുയായികൾ ആവേശകരമായ സ്വീകരണമാണ് നൽകിയത്.
ഖർഗെയുമായുള്ള അടുത്ത ബന്ധവും സോണിയ ഗാന്ധിയുടെ പിന്തുണയും ചെന്നിത്തലയ്ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. എന്നാൽ സംഘടനാപരമായി പാർട്ടിക്ക് കെസി വേണുഗോപാലിനെയാണ് ആവശ്യമെന്ന വാദമാണ് കെസി പക്ഷം ശക്തമാക്കുന്നത്. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന നിലപാടിൽ നിൽക്കുന്ന മുസ്ലിം ലീഗിന്റെ നിലപാട് രാഷ്ട്രീയ നീക്കങ്ങളിൽ നിർണ്ണായകമാകും.