Banner Ads

കുലംകുത്തിയെന്ന് വിളിച്ച ഇരട്ടച്ചങ്കൻ വിയർത്തു; പിണറായി രാജിവെക്കണം, ആഞ്ഞടിച്ച് കെ കെ രമ

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർച്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെ കെ രമ. പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനവും എം എൽ എ സ്ഥാനവും രാജിവെക്കണമെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.

കുലംകുത്തികൾ എന്ന് വിശേഷിപ്പിച്ച് മുന്നോട്ട് പോയ ഇരട്ടച്ചങ്കൻ വിയർക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. സ്വന്തം മണ്ഡലമായ ധർമ്മടത്ത് പോലും ആറ് റൗണ്ടുകളോളം പിന്നിൽ പോയ പിണറായിക്ക് ഇനി പ്രതിപക്ഷ നേതാവാകുകയല്ലാതെ മറ്റ് വഴികളില്ല. രക്തസാക്ഷി ഗ്രാമങ്ങൾ പോലും കൈപ്പത്തി ചിഹ്നത്തിന് വോട്ട് ചെയ്തു.

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മാത്രം വോട്ട് ചെയ്തിരുന്നവർ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തത് ഭരണത്തോടുള്ള കടുത്ത വിരുദ്ധ വികാരമാണ് കാണിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ യുഡിഎഫ് ഭരണത്തിൽ വിമർശനങ്ങൾ കേൾക്കാനുള്ള ജനാധിപത്യ മര്യാദ ഉണ്ടാകുമെന്നും രമ കൂട്ടിച്ചേർത്തു.

മന്ത്രിസ്ഥാനം വേണോ എന്ന കാര്യത്തിൽ ആർഎംപി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെകെ രമ വ്യക്തമാക്കി. മന്ത്രിസ്ഥാനത്തെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. യുഡിഎഫുമായി അധികാര പങ്കാളിത്തം സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ലെന്നും രമ അറിയിച്ചു.