Banner Ads

പുതുപ്പള്ളിയിൽ ചരിത്രമുറങ്ങുന്ന വിറകിടീൽ ഇന്ന്; നാളെ വലിയ പെരുന്നാൾ, കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും

പുതുപ്പള്ളി : വിശ്വാസനിറവിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ (വലിയ പെരുന്നാൾ) നാളെ. ചരിത്രപ്രസിദ്ധമായ വിറകിടീൽ ഘോഷയാത്രയും പന്തിരുനാഴി പുറത്തെടുക്കലും ഇന്ന് നടക്കും. രാവിലെ 8:30 ന് ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

തുടർന്ന് ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. 4 മണിക്ക് പള്ളിയിൽ വിറകിടീൽ ചടങ്ങ് നടക്കും. വിറകിടീലിന് ശേഷം ആഘോഷപൂർവ്വം പന്തിരുനാഴി പുറത്തെടുക്കും. വൈകുന്നേരം പള്ളിക്ക് മുന്നിലെ വിശാലമായ പാടം ദീപങ്ങളാൽ അലങ്കരിക്കും.

7:30 ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. പുലർച്ചെ 12 മണിക്ക് രാത്രി നമസ്കാരത്തിന് ശേഷം നടക്കും. രാവിലെ 8:30 ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വിവിധ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമികത്വം വഹിക്കും.

രാവിലെ 11:15 ന് വടക്കേ പന്തലിൽ വെച്ചൂട്ട് സദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് പെരുന്നാൾ പ്രദക്ഷിണം. 4 മണിക്ക് നേർച്ച വിളമ്പ്. ഇന്നലെ വിവിധ കരകളിൽ നിന്നുള്ള വിശ്വാസികൾ മുത്തുക്കുടകളും കുരിശുകളുമായി പള്ളിയിലേക്ക് തീർത്ഥാടനം നടത്തി.