Banner Ads

പാചകവാതക വില വർധന: ചെറുകിട വ്യാപാര മേഖല തകർച്ചയിലേക്ക്; സിലിണ്ടറിന് 3150 രൂപ

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, വാണിജ്യ സിലിണ്ടറുകൾക്ക് വരുത്തിയ വമ്പൻ വിലവർധനവ് സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ നടുവൊടിക്കുന്നു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു സിലിണ്ടറിന്റെ വില 3150 രൂപയായി ഉയർന്നു. ഹൈറേഞ്ച് മേഖലകളിൽ ഉൾപ്പെടെ ഈ വിലവർധനവ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

വിലക്കയറ്റം താങ്ങാനാകാതെ വിവിധ തട്ടുകടകളിലും രാത്രി റസ്റ്റോറന്റുകളിലും ചായ, കടുംകാപ്പി എന്നിവയുടെ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. ജോലി കഴിഞ്ഞ് എത്തുന്ന സാധാരണക്കാരുടെ പ്രധാന ആശ്രയമായ തട്ടുകടകളിൽ ചൂട് പാനീയങ്ങൾ പോലും ലഭിക്കാത്ത അവസ്ഥ ആഴ്ചകളായി തുടരുന്നു. പലയിടങ്ങളിലും ഭക്ഷണം ചൂടാക്കി നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കച്ചവടക്കാർ പറയുന്നു.വിവാഹം, മാമോദീസ തുടങ്ങിയ ആഘോഷങ്ങളുടെ സീസണിൽ പാചകവാതക വില വർധിച്ചത് കേറ്ററിംഗ് മേഖലയെയും തളർത്തി. മുൻകൂട്ടി ബുക്ക് ചെയ്ത പരിപാടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കരിഞ്ചന്തയിൽ നിന്ന് 7000 രൂപ വരെ നൽകി സിലിണ്ടറുകൾ വാങ്ങേണ്ടി വരുന്നതായാണ് ഉടമകൾ പരാതിപ്പെടുന്നത്.

സിലിണ്ടർ ക്ഷാമം മൂലം സ്വകാര്യ കമ്പനികളിൽ വലിയ തുക ഡെപ്പോസിറ്റ് നൽകിയാണ് പലരും ഇപ്പോൾ ഗ്യാസ് എത്തിക്കുന്നത്. ഇതിനുപുറമെ, അതിഥി തൊഴിലാളികളുടെ കുറവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഈ മേഖലയെ കൂടുതൽ തളർത്തുന്നു.ഇന്ത്യയുടെ എൽപിജി ആവശ്യത്തിന്റെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇറക്കുമതിയെ ബാധിച്ചിട്ടുണ്ടെങ്കിലും, ആറ് മാസത്തെ ഉപയോഗത്തിനുള്ള വാതകമെങ്കിലും കരുതിവെക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന വിമർശനം ശക്തമാണ്.

സർക്കാരിന്റെ ഈ വീഴ്ചയാണ് ഇപ്പോഴത്തെ രൂക്ഷമായ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു.വാണിജ്യവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ വ്യാപാരികൾ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബുധനാഴ്ച (06-05-2026) സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ട് സമരം നടത്തും. നിലവിലെ സാഹചര്യത്തിൽ ഹോട്ടൽ വ്യവസായം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും പല സ്ഥാപനങ്ങളും ഇതിനകം പൂട്ടിക്കഴിഞ്ഞതായും ഹോട്ടലുടമകൾ വ്യക്തമാക്കുന്നു.