
പത്തനംതിട്ട: മലയാള ചലച്ചിത്ര-സീരിയൽ താരം സന്തോഷ് കെ. നായർ (62) അന്തരിച്ചു. ഇന്ന് പുലർച്ചെ പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സന്തോഷും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.1982-ൽ ചലച്ചിത്ര രംഗത്തെത്തിയ സന്തോഷ് കെ. നായർ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമാണ്. ഗാംഭീര്യമുള്ള ശബ്ദവും തനതായ അഭിനയശൈലിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ചന്ദ്രോത്സവം, ടൈഗർ, കാര്യസ്ഥൻ, തിരുവമ്പാടി തമ്പാൻ, റെയിൻ ഡാൻസ് തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
2014-ന് ശേഷം സിനിമയിൽ നിന്ന് അല്പം വിട്ടുനിന്നിരുന്ന അദ്ദേഹം, അടുത്തിടെ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.കൂടുതൽ സിനിമകളിൽ സജീവമാകാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ടെലിവിഷൻ സീരിയലുകളിലും ആക്ഷൻ ചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്ന സന്തോഷ് കെ. നായരുടെ മരണം മലയാള സിനിമാ ലോകത്തിന് വലിയൊരു നഷ്ടമാണ്.