
തിരുവനന്തപുരം : കേരളം ആര് ഭരിക്കുമെന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുഡിഎഫ് ക്യാമ്പുകളിൽ വൻ വിജയഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. എക്സിറ്റ് പോൾ പ്രവചനങ്ങളും താഴേത്തട്ടിൽ നിന്നുള്ള അനുകൂല റിപ്പോർട്ടുകളും നൽകുന്ന ആത്മവിശ്വാസത്തിൽ തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനം ഇതിനോടകം തന്നെ ആഘോഷലഹരിയിലാണ്.
വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകരെ സ്വീകരിക്കുന്നതിനായി കെപിസിസി ഓഫീസിന് മുന്നിൽ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വിജയം ആഘോഷിക്കാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനുമാണ് കോൺഗ്രസ് നേതൃത്വം ഓർഡർ നൽകിയിരിക്കുന്നത്. പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി മധുരം വിതരണം ചെയ്യാനാണ് തീരുമാനം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള ഭരണം പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു.
എക്സിറ്റ് പോളുകൾ നൽകിയ മുൻതൂക്കം വിജയത്തിലേക്ക് നയിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ തന്നെ കേരളത്തിന്റെ ഭരണസാരഥി ആരാകുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം തെളിയും.