
കൊച്ചി : കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് സർക്കാർ ജനങ്ങൾക്കായി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പത്മഭൂഷൺ പുരസ്കാരം ലഭിച്ച തനിക്ക് പറവൂർ യൂണിയൻ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തുനിന്ന് മനസ്സിലാക്കിയ ആരും പിണറായി വിജയനെ തള്ളിപ്പറയില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുന്നണിയിൽ കലഹം ഉറപ്പാണ്. നൂറ് സീറ്റൊന്നും അവർക്ക് കിട്ടാൻ പോകുന്നില്ല. സതീശൻ മുഖ്യമന്ത്രിയാകുമെന്ന് ലീഗ് പറയുന്നത് കേട്ടാൽ തോന്നുക ലീഗ് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആയോ എന്നാണ്.
സതീശൻ കൊള്ളാവുന്ന പൊതുപ്രവർത്തകനാണെന്നും എന്നാൽ അദ്ദേഹം വനവാസത്തിന് പോകേണ്ടി വരുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. കേരളത്തിൽ ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കും. നിയമസഭയിൽ ബിജെപി ഒരു തിരുത്തൽ ശക്തിയായി ഉണ്ടാവുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.