Banner Ads

വയനാട് ഫണ്ടിലും ബാങ്ക് നിയമനത്തിലും വൻ ക്രമക്കേട്; കെപിസിസി പ്രസിഡന്റിനെതിരെ എം വി ജയരാജൻ

കണ്ണൂർ : കോൺഗ്രസ് നേതൃത്വത്തെയും ചില ഉദ്യോഗസ്ഥരെയും കടന്നാക്രമിച്ച് സിപിഎം നേതാവ് എംവി ജയരാജൻ. കണ്ണൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് ഉന്നയിച്ച പരാതികൾ കോൺഗ്രസിനുള്ളിലെ അഴിമതിയുടെയും ക്രമക്കേടുകളുടെയും തെളിവാണെന്ന് എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന വയനാട് ഫണ്ട് ശേഖരണത്തിലും അതിന്റെ വിനിയോഗത്തിലും വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ട്.

2011ലെ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് എംഎൽഎ സമർപ്പിച്ച വരുമാന സർട്ടിഫിക്കറ്റിൽ തെറ്റായ വിവരങ്ങളാണ് നൽകിയത്. 1.56 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാനത്ത് വെറും 41.05 ലക്ഷം രൂപ മാത്രമാണ് പേപ്പറിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. സഹകരണ നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് കെപിസിസി പ്രസിഡന്റ് തന്റെ മകൾക്ക് കാരശ്ശേരി ബാങ്കിൽ നിയമനം നൽകിയതും ക്രമവിരുദ്ധമായാണ്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 21000 ജീവനക്കാർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് ഭരണഘടനാ ലംഘനമാണെന്ന് ജയരാജൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചുവെന്നും ഇന്നലെ മാത്രമാണ് 11 പോസ്റ്റൽ വോട്ടുകൾ കണ്ണൂർ ട്രഷറിയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2013ൽ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ബി അശോക്. സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങളിലൂടെ ലേഖനങ്ങൾ എഴുതുന്നതും പരസ്യപ്രസ്താവന നടത്തുന്നതും സർവീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്.

ഉദ്യോഗസ്ഥർ ഭരിക്കുന്ന പാർട്ടിയെ നോക്കി നിലപാട് മാറ്റേണ്ടവരല്ലെന്നും കൃത്യമായ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അൻവറിന്റെ മൊബൈൽ രാഷ്ട്രീയം വിലപ്പോകില്ലെന്നും രാഷ്ട്രീയ കേരളം അദ്ദേഹത്തെ ചവറ്റുകുട്ടയിൽ തള്ളുമെന്നും ജയരാജൻ പരിഹസിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്.

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്ന സൂചനയാണ് പ്രവചനങ്ങളിൽ കാണുന്നത്. കണ്ണൂരിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ പിടിച്ചെടുക്കുമെന്നും ജയരാജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.