Banner Ads

കേരളം ആരുടെ കൈയ്യിലേക്ക്? വിധിയറിയാൻ ഇനി വെറും 48 മണിക്കൂർ!

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി രണ്ട് ദിവസത്തെ കാത്തിരിപ്പ് മാത്രം. സംസ്ഥാനത്തിന്റെ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് നിശ്ചയിക്കുന്ന ജനവിധി തിങ്കളാഴ്ച പുറത്തുവരും. രാവിലെ എട്ട് മണിയോടെ 140 മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ ആരംഭിക്കും.സംസ്ഥാനത്തുടനീളം 43 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

ആദ്യം തപാൽ വോട്ടുകളാണ് (Postal Ballots) എണ്ണുക.ഇവിഎമ്മുകൾ (EVM) എണ്ണുന്നതിനായി ഒരു ഹാളിൽ 7 മുതൽ 14 വരെ മേശകൾ വീതം ക്രമീകരിച്ചിട്ടുണ്ട്.വോട്ടെണ്ണൽ ആരംഭിച്ച് കൃത്യം 15 മിനിറ്റിനുള്ളിൽ, അതായത് എട്ടേകാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും.ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വൻ വിജയപ്രതീക്ഷയിലാണ് മുന്നണികൾ.എക്സിറ്റ് പോൾ പ്രവചനങ്ങൾ പലതും എതിരാണെങ്കിലും, ജനങ്ങൾ തങ്ങളെ കൈവിടില്ലെന്നും ഭരണത്തുടർച്ച ഉറപ്പാണെന്നുമാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഭൂരിഭാഗം എക്സിറ്റ് പോളുകളും അനുകൂലമായതോടെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷത്തോടെ ഭരണം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അവകാശപ്പെടുന്നു.ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയുണ്ടെന്നും, ഇത്തവണ രണ്ട് സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്നുമാണ് ബിജെപി കണക്കുകൂട്ടുന്നത്.തിങ്കളാഴ്ച ഉച്ചയോടെ സംസ്ഥാനത്തെ ഭരണം സംബന്ധിച്ച വ്യക്തമായ ചിത്രം തെളിയും. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.