Banner Ads

മെയ് ആറിന് പുറത്തുനിന്ന് ഭക്ഷണം കിട്ടില്ല; സിലിണ്ടർ വിലക്കയറ്റത്തിനെതിരെ ഹോട്ടലുടമകളുടെ പണിമുടക്ക്

കൊച്ചി : വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടൽ ഉടമകള്‍ പണിമുടക്കിലേക്ക്. മെയ് ആറിന് (ബുധനാഴ്ച) കേരളത്തിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില മൂവായിരം രൂപയ്ക്ക് മുകളിലെത്തി.

തിരുവനന്തപുരത്ത് സിലിണ്ടർ വില 3106 രൂപയും, കൊച്ചിയിൽ 3085 രൂപയും, കോഴിക്കോട് 3117 രൂപയുമായി ഉയർന്നു. ഇതിനുമുമ്പ് നൂറും ഇരുന്നൂറും രൂപ വർധിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ഒറ്റയടിക്ക് ആയിരം രൂപയോളം കൂട്ടിയിരിക്കുന്നത്. എൽപിജി നിയന്ത്രണവും ലഭ്യതക്കുറവും കാരണം പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് ഈ വർധനവ് താങ്ങാനാവാത്ത തിരിച്ചടിയാണ്.

പ്രവർത്തനച്ചെലവ് കുത്തനെ കൂടിയതോടെ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. ഇത് വിദ്യാർത്ഥികൾ, ഹോസ്റ്റലിൽ താമസിക്കുന്നവർ, തൊഴിലാളികൾ എന്നിവരുടെ ബജറ്റിനെ സാരമായി ബാധിക്കും. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് തല്‍ക്കാലം വില കൂട്ടിയിട്ടില്ല.