
തിരുവനന്തപുരം : സിപിഎമ്മിലെ ആഭ്യന്തര അപചയത്തെയും നേതാക്കളുടെ അഴിമതി വിരുദ്ധ നിലപാടുകളെയും മുൻനിർത്തി കടുത്ത വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇവി ശ്രീധരൻ അനുസ്മരണ വേദിയിൽ വെച്ച് ജി സുധാകരനെ പുകഴ്ത്തി സംസാരിക്കുമ്പോഴാണ് സിപിഎം നേതൃത്വത്തിനെതിരെ ചെന്നിത്തല ആഞ്ഞടിച്ചത്.
ഒരു സെക്രട്ടറിയും ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ ചരിത്രം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇതിന് മുൻപുണ്ടായിട്ടില്ല. അഴിമതി രഹിതനായ മന്ത്രിയായിരുന്നു ജി സുധാകരൻ. അദ്ദേഹം സ്ഥാനാർത്ഥിത്വത്തിനായി കാത്തുനിന്ന ആളല്ല. ഇപ്പോൾ ഉയരുന്നത് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന്റെ സ്വരമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലെ പ്രായപരിധി നിബന്ധനയെ ചെന്നിത്തല ചോദ്യം ചെയ്തു. മുഖ്യമന്ത്രി അടക്കമുള്ളവർക്ക് 80 കഴിഞ്ഞാലും മത്സരിക്കാം.
എന്നാൽ സുധാകരനെപ്പോലുള്ളവർക്ക് 70 കഴിയുമ്പോൾ വിലക്ക് ഏർപ്പെടുത്തുന്നത് ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയമാണ് ഈ വേദി തെളിയിക്കുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.