
ദില്ലി : രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിലക്കയറ്റക്കാരൻ മോദി എന്ന് വിശേഷിപ്പിച്ചാണ് കോൺഗ്രസ് ഔദ്യോഗികമായി വിമർശനം ഉന്നയിച്ചത്.
മോദി സർക്കാർ തുടർച്ചയായി വില വർധിപ്പിച്ച് വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ന് വാണിജ്യ സിലിണ്ടറിന് 993 രൂപ വില വർധിച്ചു. മെയ് ഒന്നിന് 993 രൂപ, ഏപ്രിൽ ഒന്നിന് 218, മാർച്ച് ഏഴിന് 115 രൂപ, മാർച്ച് ഒന്നിന് 31 രൂപ, ഫെബ്രുവരി ഒന്നിന് 50 രൂപ, ജനുവരി ഒന്നിന് 111 രൂപ ആകെ 1518 രൂപ. വെറും നാല് മാസത്തിനുള്ളിൽ 1518 രൂപയാണ് വർധിപ്പിച്ചത്.
വർഷം അവസാനിക്കാൻ ഇനിയും എട്ടുമാസം ബാക്കിയുണ്ട്. മോദിയുടെ ഈ ലക്ഷ്യം ഇനിയും തുടരുമെന്ന് കോൺഗ്രസ് പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്നത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുമെന്നും ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.