Banner Ads

നാടിനെ വിറപ്പിച്ച് വിരണ്ടോടിയ ആന; അങ്കമാലിയിൽ ഭാഗ്യം കൊണ്ട് ഒഴിവായത് വൻ ദുരന്തം.

കൊച്ചി: അങ്കമാലി കിടങ്ങൂരിൽ ഇടഞ്ഞോടിയ ആനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വെച്ച് തളച്ചു. കൊല്ലത്ത് നിന്ന് എത്തിച്ച മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ കൊല്ലപ്പെടുകയും രണ്ടാം പാപ്പാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ആനയെ എത്തിച്ച ലോറിയുടെ ഡ്രൈവർ, പത്തനംതിട്ട കൊടുമൺ സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയുടെ കൊമ്പിലെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയച്ചുകൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആന വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ വിഷ്ണു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.ആക്രമണത്തിൽ പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഐ.സി.യു-വിലേക്ക് മാറ്റിയിരിക്കുകയാണ്.

അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.രണ്ട് മണിക്കൂറിലധികം പ്രദേശത്ത് ഭീതി പരത്തിയ ആന, റോഡരികിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കും ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ തകർത്തു. നാട്ടുകാരും പാപ്പാൻമാരും തളയ്ക്കാൻ ശ്രമിച്ചെങ്കിലും ആന കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. തുടർന്ന് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തിയാണ് മയക്കുവെടി വെച്ചത്.അരമണിക്കൂറിനുള്ളിൽ ആന പൂർണ്ണമായും ശാന്തനാകുമെന്നും തുടർന്ന് സുരക്ഷിതമായ ഇടത്തേക്ക് മാറ്റുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.