Banner Ads

ഗ്ലാസ് വിൻഡോ വേണ്ട, ഷട്ടർ മതി! ഡ്രൈവർ ഡ്യൂട്ടി ഉപേക്ഷിച്ച് മടങ്ങി; കെ‌എസ്ആർടിസിയിൽ വിചിത്ര പ്രതിഷേധം.

കൊച്ചി: ബസിന്റെ വിൻഡോയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഡ്രൈവർ ഡ്യൂട്ടി ബഹിഷ്കരിച്ചു. കോതമംഗലം ഡിപ്പോയിൽ നിന്ന് പാലക്കാട്ടേക്ക് പോകേണ്ട സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറാണ് ഗ്ലാസ് വിൻഡോയുള്ള ബസ് നൽകിയതിൽ പ്രതിഷേധിച്ച് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ രാവിലെ 6.50-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് മുടങ്ങി യാത്രക്കാർ വലഞ്ഞു.സ്ഥിരമായി ഷട്ടർ സംവിധാനമുള്ള പഴയ ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.

എന്നാൽ ഇന്ന് ഗ്ലാസ് വിൻഡോയുള്ള പുതിയ ബസ് അനുവദിച്ചതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. ഷട്ടർ ബസ് തന്നെ വേണമെന്ന് ആവശ്യപ്പെട്ട ഡ്രൈവർ, ഒടുവിൽ സ്റ്റിയറിംഗ് ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഡ്രൈവർ പോയതോടെ കണ്ടക്ടറുടെ ഡ്യൂട്ടിയും തടസ്സപ്പെട്ടു.പുതിയ ബസുകളിലെല്ലാം ഗ്ലാസ് വിൻഡോകളാണെന്നും പഴയ ബസുകളിൽ മാത്രമേ ഷട്ടർ സംവിധാനമുള്ളൂവെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. ഡ്യൂട്ടി തടസ്സപ്പെടുത്തിയ ഡ്രൈവർക്കെതിരെ വെഹിക്കിൾ ഇൻസ്പെക്ടർ എടിഒയ്ക്ക് റിപ്പോർട്ട് നൽകി.

നടപടിക്ക് ശുപാർശ ചെയ്തതോടെ സംഭവത്തിൽ പുതിയ വഴിത്തിരിവുണ്ടായി.സംഭവം വിവാദമായതോടെ താൻ അസുഖം കാരണമാണ് മടങ്ങിയതെന്ന് അവകാശപ്പെട്ട് ഡ്രൈവർ മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അധികൃതർക്ക് ഇ-മെയിൽ അയച്ചിട്ടുണ്ട്.യാത്രക്കാരെ ബുദ്ധിമുട്ടിച്ചും സർവീസ് മുടക്കിയും നടത്തിയ ഈ പ്രതിഷേധം കെഎസ്ആർടിസി ഗൗരവമായാണ് കാണുന്നത്.