
തിരുവനന്തപുരം : പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ സംരക്ഷകനുമായ ഡിജോ കാപ്പൻ (68) അന്തരിച്ചു. കഴിഞ്ഞ വർഷമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് സിയിലൂടെയാണ് ഡിജോ കാപ്പൻ പൊതുരംഗത്ത് എത്തിയത്. 1982ൽ കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയായി. കെ എസ് സി, യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 1998ൽ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചു.
ഗതാഗതം, വൈദ്യുതി മേഖലകളിലെ ഉപഭോക്തൃ പ്രശ്നങ്ങളിലും റോഡ് സുരക്ഷാ വിഷയങ്ങളിലും നിരന്തരം നിയമപോരാട്ടങ്ങൾ നടത്തി. ഭാര്യ മിനി കാപ്പൻ കേരള സർവ്വകലാശാല പ്ലാനിങ് വിഭാഗം മേധാവിയാണ്.