Banner Ads

കള്ളൻ ‘വെള്ളത്തിലായി’; മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി.

കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിൽ മോഷണത്തിനെത്തിയ അസം സ്വദേശി വീട്ടിലെ കിണറ്റിൽ വീണു. നന്തിബസാർ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് അസം സ്വദേശിയായ അഗസ്റ്റിൻ ബിർല വീണത്. ഇന്ന് രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ ആളെ കണ്ടെത്തിയത്.രാവിലെ മുറ്റമടിക്കാനിറങ്ങിയ വീട്ടമ്മ കിണറിൻ്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് അകത്ത് ഒരാളെ കണ്ടത്.

ഏകദേശം 10 കോലോളം ആഴമുള്ള കിണറ്റിലായിരുന്നു മോഷ്ടാവ് കുടുങ്ങിക്കിടന്നിരുന്നത്. ഉടൻ തന്നെ വീട്ടുകാർ നാട്ടുകാരെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു.കൊയിലാണ്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റ് റെസ്ക്യൂ വല ഉപയോഗിച്ചാണ് ഇയാളെ പുറത്തെടുത്തത്.കുളിമുറി വഴി വീടിന്റെ മുകളിലത്തെ നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

പിടികൂടിയ അഗസ്റ്റിൻ ബിർലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ ചോദ്യം ചെയ്തു വരികയാണ്. മുൻപ് ഇയാൾക്കെതിരെ മോഷണക്കേസുകൾ ഉള്ളതായി റിപ്പോർട്ടില്ല. വർഷങ്ങൾക്ക് മുൻപ് ഇതേ വീട്ടിൽ നിന്ന് 12 പവൻ സ്വർണം മോഷണം പോയിട്ടുള്ളതിനാൽ, പോലീസ് അതീവ ജാഗ്രതയോടെയാണ് കേസിനെ സമീപിക്കുന്നത്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.